വിവാഹത്തിലെ പങ്കെടുക്കാനെത്തിയ കൂട്ടുകാരെയും ബന്ധുമിത്രാതികളെയും എത്രയും പെട്ടെന്ന് ഒഴിവാക്കി, പന്തൽക്കാരനും, വെപ്പ്‌കാരനും മാക്സിമം കുറച്ച് കൊടുത്ത്, എല്ലാം തീർത്ത്, ഭക്ഷണം കഴിച്ച് നേരെ എന്റെ റൂമിലേക്ക്.
പത്തിരുപത്തഞ്ച് കൊല്ലം വെറുതെകാത്തിരുന്നല്ലോ ഈ ശുഭമുഹൂർത്തത്തിനെന്ന് പരിതപിക്കാൻ തോന്നി. ഇത്തിരി നേരത്തെ ആക്കാമായിരുന്നു എന്ന് ഉള്ളിലിരുന്നാരോ പറയുന്നപോലെ. എന്ത് ചെയ്യണം, എങ്ങനെ തുടങ്ങണം എന്നിത്യാധി കാര്യങ്ങൾക്ക് നെറ്റ് കണക്ഷനില്ലായിരുന്ന കാലം. കുത്തിചോദിക്കുവാൻ മൊബൈൽ പോലും ഇല്ലായിരുന്നു അന്ന്. സ്വപ്നം കാണുവനുള്ള കണക്‌ഷൻ ഫ്രീയായിട്ട് കിട്ടിയത്‌കൊണ്ട്, ബാക്കിയുള്ള എതാനും നിമിഷങ്ങൾ ലാവിസായി സ്വപ്നം കാണാം എന്ന് കരുതി, മുല്ലപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന ബെഡിൽ കിടന്നു.
"ചായ"
ആദ്യമായിട്ടാണ് ഞാൻ എന്റെ പെണ്ണിന്റെ ശബ്ദം കേൾക്കുന്നത്. ഈ പാതിരാത്രിക്ക് ഇവൾ ചായയുമായെത്തിയത് എന്തിനാണാവോ?. ഇനി ഉറക്കം കളഞ്ഞുള്ള ... ഹെയ്,
മുറിയിൽ പരന്ന് നിരന്ന് കിടക്കുന്ന പ്രകാശത്തെ ഞാൻ മനസാ ശപിച്ചു. സ്ഥലകാല ബോധം നഷ്ടപ്പെട്ട ഞാൻ ചോദിച്ചു. "എന്തിനാ, ഈ ലൈറ്റെല്ലാം ഇട്ടത്, ഓഫാക്കിയിട്ട് വാ"
അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി, അത് ഡികോഡ് ചെയ്തപ്പോൾ ഒരു കാര്യം മനസിലായി, എന്റെ ശിഷ്ടജീവിതം കട്ടപോക. ചിരിക്കാൻ ഞാൻ ഈ പാതിരാത്രിയിൽ തമാശയോന്നും പറഞ്ഞില്ലല്ലോ എന്ന് ചിന്തിച്ച്‌കൊണ്ട്, "മ്, എന്തെ ചിരിക്കുന്നത്" എന്ന് ചോദിച്ചു.
"നേരം വെളുത്തു, എണ്ണീക്കണില്ല്യേ. ലൈറ്റ് സൂര്യന്റെതാണ്, അതെങ്ങനെ ഓഫാക്കും."
രണ്ട് മൂന്ന് ദിവസത്തെ ഉറക്കക്ഷീണം, ടെൻഷൻ എന്നിത്യാധി പ്രശ്നങ്ങൾ ഹോൾസെയിലായിട്ടുള്ള ഞാൻ, കിടക്കുന്നതിന് മുൻപെ ഉറങ്ങിയ കാര്യം, അതും ആദ്യരാത്രിയിൽ. എനിക്കവളുടെ മുഖത്ത്‌നോക്കുവാൻ നാണംതോന്നി.
പതിയെ തലയുയർത്തി ഞാൻ അവളെ നോക്കി. ഉറക്കചടവുള്ള കണ്ണുകൾ. അപ്പോ രാത്രി ഇവൾ ഉറങ്ങിയില്ലെ, പാവം, എപ്പോഴെങ്കിലും ഞാൻ ഉണർന്നാലോ എന്ന് കരുതി കാത്തിരുന്ന് കാത്തിരുന്ന്...
Wednesday, November 19, 2008
Saturday, November 1, 2008
Subscribe to:
Comments (Atom)